തൊടുപുഴ: ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുമായി ഇടുക്കി ജില്ലാ പോലീസ്. കുളമാവ് ഗവ. ഐഎച്ച്ഇപി ഹൈസ്കൂളില്‍ കുളമാവ് പോലീസ് ഇന്‍സ്പെക്ടര്‍ ജി.പി. മനുരാജ്, കുടയത്തൂര്‍ സരസ്വതി വിദ്യാനികേതനില്‍ ഇടുക്കി എസ്പിസി മോട്ടിവേഷന്‍ സെല്ലിലെ സബ് ഇന്‍സ്പെക്ടര്‍ അജി അരവിന്ദ്, തൊടുപുഴ വിമല പബ്ലിക് സ്കൂളില്‍ തൊടുപുഴ സ്റ്റേഷനിലെ പബ്ലിക് റിലേഷന്‍ ഓഫീസര്‍ സബ് ഇന്‍സ്പെക്ടര്‍ വി.എ. ബിജുഎന്നിവര്‍ "ഓപ്പറേഷന് തൂഫാന് ദി നാര്‍ക്കോ ഹണ്ട്' എന്ന കേരള പോലീസിന്റെ ലഹരിവിരുദ്ധ പ്രോജക്ടിന്റെ ഭാഗമായി വിദ്യാര്‍ഥികള്‍, മാതാപിതാക്കള്‍, അധ്യാപകര്‍ എന്നിവര്‍ക്കായി ക്ലാസുകള്‍ നടത്തി.
ലഹരിയുടെ ദൂഷ്യഫലങ്ങള്‍ കുട്ടികളുടെ പഠനത്തിലും ആരോഗ്യത്തിലും സ്വഭാവരൂപീകരണത്തിലും ഉണ്ടാക്കുന്ന പ്രത്യാഘാതങ്ങള്‍ ചര്‍ച്ച ചെയ്തതോടൊപ്പം, കുട്ടികളുടെ പെരുമാറ്റത്തില്‍ കാണുന്ന മാറ്റങ്ങള്‍ ശ്രദ്ധിക്കേണ്ടതിന്റെ പ്രാധാന്യവും രക്ഷിതാക്കളെ ബോധ്യപ്പെടുത്തി. ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റെ നിര്‍ദേശപ്രകാരം ജില്ലയിലെ വിദ്യാലയങ്ങളില്‍ ലഹരിവിരുദ്ധ ബോധവത്കരണ ക്ലാസുകള്‍ നടത്തിവരികയാണ്.
ക്ലാസുകള്‍ക്കായി 9497912649 എന്ന ജനമൈത്രി ജില്ലാ അസിസ്റ്റന്റ് നോഡല്‍ ഓഫീസറുടെ നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ജില്ലയിലെ നിങ്ങളുടെ ചുറ്റുപാടുകളില്‍ നടക്കുന്ന ലഹരിവസ്തുക്കളുടെ കച്ചവടങ്ങളോ, ഉപയോഗമോ ശ്രദ്ധയില്‍പ്പെട്ടാല്‍ ഇടുക്കി ജില്ലാ നാര്‍ക്കോട്ടിക് സെല്ലിന്റെ 9497912594 എന്ന നമ്പരില്‍ അറിയിക്കാനും പോലീസ് നിര്‍ദേശിച്ചു.